മലയോര ഹൈവേയിൽ കുടുങ്ങി ദീർഘദൂര ബസുകൾ
1588808
Wednesday, September 3, 2025 1:11 AM IST
ആൽപ്പാറ: പീച്ചി റോഡ് ജംഗ്ഷനിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതോടെ കെഎസ്ആർടിസി ദീർഘദൂര ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെ വഴിതിരിച്ചുവിടാൻ തുടങ്ങിയതു ഡ്രൈവർമാരെയും യാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിച്ചു. ഇന്നലെ രാവിലെമുതൽ നിരവധി ബസുകളാണ് മലയോര ഹൈവേയിൽ കുടുങ്ങിയത്. പീച്ചി റോഡ് ജംഗ്ഷനിൽനിന്നുപള്ളിക്കണ്ടംവഴി തിരിഞ്ഞു പോകേണ്ട ബസുകളാണ് വഴിതെറ്റി ആൽപ്പാറയിലും കണ്ണാറയിലുമൊക്കെ എത്തിയത്.
ഒരു പ്രധാന റോഡിൽനിന്നു വാഹനങ്ങളെ വഴിതിരിച്ചുവിടുമ്പോൾ പാലിക്കേണ്ട ഒരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് അധികാരികൾ വാഹനങ്ങൾ തിരിച്ചുവിട്ടത്. പള്ളിക്കണ്ടത്തുനിന്നു തിരിഞ്ഞുപോകാൻ വേണ്ട ഒരു സൂചനാബോർഡ് പോലും ഇവിടെ സ്ഥാപിച്ചില്ല. നിർദേശം നൽകാൻ പോലീസും ഉണ്ടായില്ല.
ഇതോടെയാണ് തിരുവനന്തപുരത്തേക്കടക്കമുള്ള ദീർഘദൂര കെഎസ്ആർടിസി ബസുകൾ ആൽപ്പാറയിലും കണ്ണാറയിലും എത്തി തിരികെ പോകേണ്ടിവന്നത്.
നാട്ടുകാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ ആരും തയാറായില്ല. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടു നടക്കുന്ന ഗതാഗതനിയന്ത്രണത്തിന്റെയും ഗതാഗതക്കുരുക്കിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരുമില്ലാത്ത സാഹചര്യമാണ് ഇപ്പോൾ പാണഞ്ചേരി പഞ്ചായത്തിലുള്ളത്.