ഓണമേളം കൊട്ടിക്കയറി പൂരനഗരി... ഓഫർചൂടിൽ വഴിയോരക്കച്ചവടം
1588805
Wednesday, September 3, 2025 1:11 AM IST
സി.ജി. ജിജാസൽ
തൃശൂർ: നാടെങ്ങും ഓണാവേശം കൊട്ടിക്കയറിയതോടെ നഗരത്തിലെ വഴിയോരങ്ങളിലും തേക്കിൻകാട് മൈതാനത്തും ഓണവിപണികളിൽ തിരക്കേറി. നഗരത്തിന്റെ മുഖ്യപാതകളിൽ വൈകുന്നേരം മുതൽ രാത്രിവരെ കാൽവയ്ക്കാൻ ഇടമില്ലാത്തത്ര തിരക്കായി.
വസ്ത്രങ്ങൾ, ചെരുപ്പുകൾ, ബാഗുകൾ, ആഭരണങ്ങൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ വാങ്ങാൻ കുടുംബസമേതം എത്തുന്നവരാൽ കടകളുടെയും വഴിയോരക്കച്ചവടക്കാരുടെയും മുന്നിൽ ആളേറുന്നു.
വസ്ത്രങ്ങൾ വാങ്ങാൻ എത്തുന്നവരിൽ ഭൂരിഭാഗംപേരും കുറഞ്ഞ വിലയിൽ കൂടുതൽ ഗുണമേന്മയുള്ള സെറ്റ്സാരിയും സെറ്റ്മുണ്ടും തെരഞ്ഞെടുക്കാനാണ് എത്തുന്നതെന്നു കച്ചവടക്കാർ പറഞ്ഞു.
സെറ്റ്സാരി, സെറ്റ്മുണ്ട് എന്നിവയ്ക്കു 350 രൂപ മുതലാണ് വില ആരംഭിക്കുന്നത്. കസവുമുണ്ടുകൾ 150 രൂപ മുതലും കുട്ടികളുടെ ഉടുപ്പുകൾ 100 രൂപ മുതലും ലഭ്യമാകുന്നു. കുറഞ്ഞ വിലയ്ക്കുള്ളവയ്ക്കും ഓഫറുകളും വൻഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചതോടെ വഴിയോരക്കച്ചവടക്കാരും മികച്ച വരുമാനമാണ് നേടുന്നത്.
കുട്ടികൾമുതൽ മുതിർന്നവർവരെ എല്ലാവരും വിപണിയിലെത്തിയതോടെ നഗരം ഉത്സവഛായയിലാണ്.
അലങ്കരിച്ച കടകളും വർണബൾബുകളും തിരക്കേറിയ റോഡുകളും എല്ലാം ചേർന്നപ്പോൾ വിപണികൾതന്നെ ഓണാഘോഷവേദികൾപോലെയായി.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിൽപ്പന കുറവാണെങ്കിലും, തിരുവോണത്തിനുമുന്പുള്ള രണ്ടുദിവസം തിരക്ക് ഇനിയും വർധിക്കുമെന്നും ഈ ഓണം ആഹ്ലാദത്തിന്റെ ഓണമാവുമെന്നും കച്ചവടക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചു.