മാനവ കെയർ കേരള നിധി തട്ടിയതു മുന്നൂറു കോടി
1588225
Sunday, August 31, 2025 7:51 AM IST
തൃശൂർ: എത്രയൊക്കെ മുന്നറിയിപ്പുകൾ കൊടുത്താലും എത്രയൊക്കെ തട്ടിപ്പുകഥകൾ കേട്ടാലും തൃശൂരിൽ നിക്ഷേപകർ പറ്റിക്കപ്പെടുന്നതു തുടരുന്നു.
ഉയർന്ന പലിശ വാഗ്ദാനംചെയ്ത് നിക്ഷേപകരെ കബളിപ്പിച്ചു മുങ്ങിയ തട്ടിപ്പുകഥകളിൽ ഏറ്റവും ഒടുവിൽ പുറത്തുവരുന്നതു മുന്നൂറു കോടി തട്ടിപ്പു നടത്തിയ മാനവ കെയർ കേരളയുടേതാണ്.
കൂർക്കഞ്ചേരി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന എം.സി.കെ എന്നറിയപ്പെട്ട മാനവ കെയർ കേരള നിധി ലിമിറ്റഡ് കഴിഞ്ഞ ഒരുവർഷമായി അടച്ചിരിക്കുകയാണ്. ചെയർമാൻ തൃശൂർ മുപ്ലിയം തേക്കിലക്കാടൻ ടി.ടി. ജോസ് അടക്കം സ്ഥാപനവുമായി ബന്ധപ്പെട്ടവരെല്ലാം ഒളിവിലാണെന്നു പോലീസ് പറയുന്നു. പ്രധാന ഓഫീസ് ഉൾപ്പടെ കേരളത്തിലെ എല്ലാ ഓഫീസുകളും പൂട്ടി. ഇതോടെയാണ് നിക്ഷേപകർ പരാതിയുമായി പോലീസിനെ സമീപിച്ചത്.
തട്ടിപ്പിനിരയായവരുടെ പരാതിയിൽ പോലീസ് ഒരുതവണ ചെയർമാനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും ഉടൻ പണം നൽകുമെന്ന ഉറപ്പിൽ വിട്ടയയ്ക്കുകയായിരുന്നു. ഇപ്പോൾ ചെയർമാനും ഡയറക്ടർമാരും എവിടെയാണെന്നറിയില്ല എന്നാണ് പോലീസും പറയുന്നതെന്നു നിക്ഷേപകർ പറഞ്ഞു.
ജോസിന്റെ ഭാര്യ ബീന ഉൾപ്പെടെ സ്ഥാപനത്തിന് ഒൻപതു ഡയറക്ടർമാരുണ്ട്. എല്ലാ ജില്ലകളിലും ഇവർ ബ്രാഞ്ചുകൾ ആരംഭിച്ചിരുന്നു. ഉയർന്ന പലിശയും മറ്റും വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. സ്ഥിരനിക്ഷേപത്തിന് 12 ശതമാനം പലിശ വാഗ്ദാനം ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ നിക്ഷേപകർക്കു കൃത്യമായ പലിശനൽകി വിശ്വാസം പിടിച്ചുപറ്റി. അതോടെ കൂടുതൽപേർ ഇടപാടുകാരായി എത്തി. സ്വർണവായ്പ, ചിട്ടി, പ്രതിദിന കളക്ഷൻ തുടങ്ങിയ സ്കീമുകളുമുണ്ടായിരുന്നു.
കഴിഞ്ഞവർഷം മേയ് മുതൽ പലിശമുടങ്ങി കാര്യങ്ങൾ താളംതെറ്റി. സ്ഥാപനം വിപുലമാക്കുകയാണെന്നും പുതിയ ഗ്രൂപ്പ് സ്ഥാപനങ്ങൾ തുടങ്ങുകയാണെന്നും പറഞ്ഞ് നിക്ഷേപകരെ കബളിപ്പിച്ചുകൊണ്ടേയിരുന്നു. ഒക്ടോബറോടെ സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തി.
തുടക്കത്തിൽ പരാതിയുമായി രംഗത്തെത്തിയവർക്കു നേരേ സ്ഥാപന ഉടമകൾ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. പരാതിപ്പെട്ടാലോ മാധ്യമങ്ങളെ സമീപിച്ചാലോ ഒറ്റപൈസ തിരികെകിട്ടില്ലെന്നായിരുന്നു ഭീഷണി. ഇടപാടുകാർക്ക് ഈ ഭീഷണിസന്ദേശം വാട്സാപ്പായി ചെയർമാൻതന്നെ അയച്ചുവെന്നു പറയുന്നു.
തട്ടിപ്പിന് അഞ്ഞൂറോളം പേർ ഇരയായെന്നാണ് സൂചന. ഇതുവരെ അന്പതിലേറെപ്പേർ മാത്രമാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ആറുപേർ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവർ ചെയർമാന്റെ വീടിന് അറ്റാച്ച്മെന്റ് ഉത്തരവ് നേടിയിട്ടുണ്ട്. കോതമംഗലത്തും പാലക്കാടുമുള്ള ഡോക്ടർമാരും മൂവാറ്റുപുഴയിലെ ഫാർമക്കോളജിസ്റ്റുമടക്കമുള്ളവർ തട്ടിപ്പിനിരയായിട്ടുണ്ട്. 90 ലക്ഷംവരെ നിക്ഷേപിച്ചവരുണ്ടെന്നു പറയുന്നു.
ഒളിവിൽപോയവർക്കായി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നു പോലീസ് പറയുന്നു.