ഇന്നു കൊടുക്കാം സല്യൂട്ട് 50 പൂക്കളങ്ങൾക്ക്
1588807
Wednesday, September 3, 2025 1:11 AM IST
തൃശൂർ: ഒന്നും രണ്ടുമല്ല, 50 പൂക്കളങ്ങളാണ് ഇന്നു തേക്കിൻകാട് തെക്കേഗോപുരനടയിൽ തൃശൂർ സിറ്റി പോലീസ് ഒരുക്കുക. മാവേലിയും ലഹരിക്കെതിരാണിഷ്ടാ... എന്ന വേറിട്ട ലഹരിവിരുദ്ധസന്ദേശം വിഷയമാക്കി പൂക്കളത്തിലൂടെ ലഹരിക്കെതിരേ കൈകോർത്ത് ജീവിതം ആഘോ ഷമാക്കാം എന്ന ലക്ഷ്യത്തോടെയാണ് പൂക്കളങ്ങൾ ഒരുക്കുന്നതെന്നു സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു.
പൂക്കളങ്ങൾ ഒരുക്കുന്നതിനോടൊപ്പം സൗഹൃദവടംവലിയും സിറ്റി പോലീസ് ഓണക്കാഴ്ചയായി ഒരുക്കുന്നുണ്ട്.
സിറ്റിയിലെ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലുമുള്ള ക്ലബ്ബുകളും കോളജുകളും സ്റ്റേഷനോടൊപ്പം പൂക്കളം തീർക്കാനെത്തുമ്പോൾ തെക്കേഗോപുരനടയിലെത്തുന്ന ആയിരങ്ങൾ ലഹരിവിരുദ്ധ പ്രചാരണത്തിനും സാക്ഷ്യംവഹിക്കും.
ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് തൃശൂർ സിറ്റി പോലീസ് ഒരുക്കിയ ഒരുതിരി പൊൻവെട്ടം വിജയികൾക്കുള്ള സമ്മാനദാനം മെഗാ പൂക്കളോത്സവവേദിയിൽ ഇന്നു രാവിലെ 11നു സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ സമ്മാനിക്കും.