അലങ്കാരവസ്തുക്കളിൽ നിറങ്ങളുടെ പൂരം; വിപണിയിൽ ആഘോഷമേളം
1588224
Sunday, August 31, 2025 7:51 AM IST
തൃശൂർ: ഓണം മൂഡ് ഓണായതോടെ വിപണികളിൽ നിറങ്ങളുടെ പൂരവും ഓണായി. അലങ്കാരവസ്തുക്കളുടെ അളവറ്റ ശേഖരവുമായി ആനന്ദത്തിന്റെ ആഘോഷത്തിനു തിരിതെളിഞ്ഞതോടെ അലങ്കാരവസ്തുക്കൾ തേടി ജനവും നിറഞ്ഞു. പൂക്കളും പൂക്കളങ്ങളും നിറഞ്ഞ പൊന്നോണവിപണിയിൽ ഇത്തവണ മൂന്നുരൂപ മുതൽ ആയിരങ്ങൾവരെ വിലമതിക്കുന്ന അലങ്കാരവസ്തുക്കളാണ് നിരന്നിട്ടുള്ളത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി കടലാസ്, പ്ലാസ്റ്റിക്, തുണി, ഫോർഎക്സ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള അലങ്കാരവസ്തുക്കൾ പലതും ജനം ഏറ്റെടുത്തുകഴിഞ്ഞു.
ഓണാഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്ത ചെണ്ടുമല്ലിമാലകൾക്ക് ഇത്തവണ ഒന്നരമീറ്റർ നീളമുള്ള അഞ്ചെണ്ണത്തിന് 120 രൂപയാണ് നിരക്ക്. തുണിയിൽ തീർത്ത മുല്ലമാലയ്ക്ക് ഒരു മുഴം 65 രൂപയും തിരുവാതിരക്കളിക്കാർക്കായുള്ള മുല്ലപ്പൂ ഹയർ ബണ്ണിനു 90 രൂപയും വില.
ഒരടി മുതൽ അഞ്ചടി വരെ 35 രൂപമുതൽ 1650 രൂപവരെ വിലവരുന്ന മാവേലി കട്ടൗട്ടുകളും ട്രെൻഡിംഗാണ്. ഓണാശംസകൾ രേഖപ്പെടുത്തിയ ബലൂണുകൾക്കും (ഒരു പാക്കറ്റിന് 250 രൂപ) ഹാഗിംഗ്സുകൾ, തോരണങ്ങൾ, ഓണക്കളിക്കായുള്ള ഉപകരണങ്ങൾ എന്നിവയ്ക്കും വിപണിയൽ ആവശ്യക്കാരേറെയാണ്.
ഈ വർഷം വീടുകളും ഓഫീസുകളും അലങ്കരിക്കാൻ എല്ലാവരും മത്സരമായതോടെ അലങ്കാരവസ്തുക്കളുടെ വില്പന കഴിഞ്ഞവർഷത്തെക്കാൾ ഉയർന്നതായി കച്ചവടക്കാർ പറഞ്ഞു.
സി.ജി. ജിജാസൽ