ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്; വാഹനങ്ങൾ കുടുങ്ങിക്കിടന്നു
1588227
Sunday, August 31, 2025 7:56 AM IST
പട്ടിക്കാട് : ദേശീയപാതയിൽ മുടിക്കോട് മുതൽ പീച്ചി റോഡ് ജംഗ്ഷൻ വരെ വൻ ഗതാഗതക്കുരുക്ക്. ഇന്നലെ പുലർച്ചെ നാലരയോടെ ആരംഭിച്ച കുരുക്ക് മണിക്കൂറുകൾനീണ്ടു. നിരവധി വാഹനങ്ങളാണ് ദേശീയപാതയിൽ കുടുങ്ങിക്കിടന്നത്.
ആംബുലൻസിനുപോലും കടന്നുപോകാൻ കഴിയാത്തനിലയിൽ കുരുക്ക് രൂക്ഷമായി. സർവീസ് റോഡിലും പ്രധാന പാതയിലും വാഹനങ്ങൾ കുടുങ്ങിയതോടെ തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായു നിലച്ചു.
മുടിക്കോട് സർവീസ് റോഡിന്റെ തകർച്ചയാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ പ്രധാന കാരണം. ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് കല്ലിടുക്കിലും മുടിക്കോടും പേരിന് ടാറിംഗ് നടത്തിയെങ്കിലും പണികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.
കഴിഞ്ഞദിവസം സർവീസ് റോഡിൽ നടത്തിയ ടാറിംഗ് ഇളകി തുടങ്ങിയതായും നാട്ടുകാർ പറയുന്നു. അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.