ഭീമ സുലൈമാൻ അന്തരിച്ചു
1588784
Tuesday, September 2, 2025 11:26 PM IST
തൃശൂർ: ചെട്ടിയങ്ങാടിയിലെ ഭീമ സൗണ്ട് ഉടമയും തൃശൂർ കലാകേന്ദ്രം നാടകസമിതിയുടെ ഉടമസ്ഥനുമായിരുന്ന വെളുത്തൂർ സ്വദേശി കടുന്പോട്ടിൽ ഭീമ സുലൈമാൻ (84)അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ സൈനബ. മക്കൾ ഷൈല, ഷാജഹാൻ, ഷീബ, നസീർ, ഷൈനി. മരുമക്കൾ സജി, ജാസ്മി, രാജേഷ്.
ടി.ജി. രവി, എ.എൻ. ഗണേഷ്, ബാലേട്ടൻ തുടങ്ങിയവർ സംവിധാനംചെയ്ത് അണിയിച്ചൊരുക്കിയ നിരവധി പ്രഫഷണൽ നാടകങ്ങൾ കേരളത്തിലുടനീളം അവതരിപ്പിച്ച് പ്രശംസ ഏറ്റുവാങ്ങിയിരുന്ന കലാകേന്ദ്രം ഒരു കാലഘട്ടത്തിൽ തൃശൂരിന്റെ സാംസ്കാരികമുഖമായിരുന്നു.
നാടകാചാര്യനായ പ്രേംജി, കെപിഎസി പ്രേമചന്ദ്രൻ, മീന ഗണേഷ്, തൃശൂർ എൽസി, തൃശൂർ ശാന്ത, തൃശൂർ രാജൻ, പള്ളിക്കര വിജയൻ, ബേബി ചിറയത്ത്, ജയശ്രീ, ജൂബിലി, വിജയലക്ഷ്മി, ഗോപി തുടങ്ങി പ്രശസ്തരായ അഭിനേതാക്കളായിരുന്നു നാടകങ്ങളിൽ അഭിനയിച്ചിരുന്നത്.
ടി.ജി. രവി സംവിധാനംചെയ്ത ചെന്തെച്ചിക്കാവിലെ ദീപാരാധന എന്ന നാടകം അവതരണം കഴിഞ്ഞു മടങ്ങിവരികയായിരുന്ന കലാകേന്ദ്രത്തിന്റെ നാടകസംഘം സഞ്ചരിച്ച വാഹനം കാണിപ്പയ്യൂരിൽ അപകടത്തിൽപ്പെട്ട് എട്ടുപേരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട പലരും ഇന്നും ദുരിതമനുഭവിക്കുകയാണ്.
ലാഭം ആഗ്രഹിക്കാത്ത കലാസ്നേഹിയായിരുന്നു സുലൈമാനെന്നു ടി.ജി. രവി അനുസ്മരിച്ചു. ഒരുപാട് ദുഃഖങ്ങളും സാന്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും നാടകത്തിനോടു പ്രണയമുണ്ടായിരുന്ന സത്യസന്ധനായ മനുഷ്യനായിരുന്നു അദ്ദേഹമെന്നും ടി.ജി. രവി കൂട്ടിച്ചേർത്തു.