സന്തോഷം കണ്ടെത്താൻ എളിമയും വിശുദ്ധിയും കാത്തുസൂക്ഷിക്കണം: മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ
1588533
Tuesday, September 2, 2025 12:58 AM IST
ചാലക്കുടി: ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ പരിശുദ്ധ കന്യകാമറിയത്തെപ്പോലെ എളിമയും വിശുദ്ധിയും കാത്തുസൂക്ഷിക്കണമെന്നും ദൈവതിരുമനസിനു കീഴ്വഴങ്ങുന്ന മനോഭാവം വേണമെന്നും ഹോസൂർ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ ഉദ്ബോധിപ്പിച്ചു.
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് പോട്ട ആശ്രമത്തിൽ എട്ടുദിവസം നീണ്ടുനിൽക്കുന്ന പോട്ട മരിയൻ കൺവെൻഷൻ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ഡയറക്ടർ ഫാ. ബിനോയ് ചക്കാനിക്കുന്നേൽ, ഫാ. ഡെർബിൻ ഇറ്റിക്കാട്ടിൽ എന്നിവർ വചനപ്രഘോഷണം നടത്തി. പോട്ട ആശ്രമം സുപ്പീരിയർ ഫാ. ജോസഫ് എറമ്പിൽ ബിഷപ്പിനെ സ്വീകരിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 10 ന് ആരംഭിക്കുന്ന കൺവെൻഷനിൽ ഫാ. സ്റ്റാഴ്സൻ കള്ളിക്കാട്ടിൽ, ഫാ. മാർട്ടിൻ പാലാട്ടി, ബേബി ജോൺ കലയന്താനി, ഫാ. ബിജു കൂനൻ, ഫാ. ജസ്റ്റിൻ കപ്പലുമാക്കൽ, ഫാ. തോമസ് അറയ്ക്കൽ എന്നിവർ വചനപ്രഘോഷണം നയിക്കും.
ജനനത്തിരുനാൾദിനമായ എട്ടിനു രാവിലെ 10.30 ന് ആഘോഷമായ ദിവ്യബലി, തുടർന്ന് ആരാധനയോടെ കൺവെൻഷൻ സമാപിക്കും.