മിനി ഊട്ടി പദ്ധതിക്ക് ഭരണാനുമതി
1588816
Wednesday, September 3, 2025 1:11 AM IST
വടക്കാഞ്ചേരി: വാഴാനി വിനോദസഞ്ചാരകേന്ദ്രത്തിലും പഞ്ചായത്തിലെ മറ്റു ടൂറിസ്റ്റുകേന്ദ്രങ്ങളിലുമായി 13 കോടിയിലധികം രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.
വാഴാനി, പൂമല ഇക്കോടൂറിസം, വിലങ്ങൻക്കുന്ന്, ചെപ്പാറ എന്നി വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നു എംഎൽഎ അറിയിച്ചു. മിനി ഊട്ടി പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായും എംഎൽഎ കൂട്ടിച്ചേർത്തു. വാഴാനി ഓണം ഫെസ്റ്റ് ആറു മുതൽ ഒമ്പതുവരെ വാഴാനിയിൽ നടക്കും. ആറിന് വൈകീട്ട് ആറിന് നാടൻപാട്ട്, ഏഴിന് നൃത്തനിലാവ്, എട്ടിന് തദ്ദേശീയരുടെ കലാപരിപാടികൾ, ഒമ്പതിന് സമാപനസമ്മേളനവും നടക്കും. ഓണംഫെസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം എ.സി. മൊയ്തീൻ ഉദ്ഘാടനംചെയ്യമെന്നും എംഎൽഎ അറിയിച്ചു.
പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ എ.ആർ. കൃഷ്ണൻകുട്ടി, കെ. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.