സംഭരിച്ച നെല്ലിനു പണം ലഭിച്ചില്ല; കർഷകർക്കു പട്ടിണിയോണം
1588535
Tuesday, September 2, 2025 12:58 AM IST
തൃശൂർ: നെല്ലുസംഭരിച്ച് വർഷമൊന്നു പിന്നിട്ടിട്ടും പണം ലഭിക്കാത്ത ജില്ലയിലെ കർഷകർക്ക് ഇത്തവണ പട്ടിണിയോണം. സംസ്ഥാനത്തുടനീളം നെല്ലുസംഭരിച്ച വകയിൽ സർക്കാർ നൽകാനുള്ള 345 കോടി രൂപ ഓണത്തിനുമുന്‍പ് നൽകുമെന്ന മന്ത്രിയുടെ വാക്ക് വിഫലമായതോടെ പ്രതിഷേധത്തിനൊരുങ്ങുകയാണ് ജില്ലയിലെ നെൽക്കർഷകർ.
വായ്പയെടുത്തു കൃഷിയിറക്കിയ കർഷകരിൽ ചിലർ തിരിച്ചടവ് മുടങ്ങിയതോടെ ആത്മഹത്യവരെ ചെയ്തിട്ടും കർഷകദ്രോഹനടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നു കർഷകകോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പാടത്തെ പണിക്കു വരന്പത്തു കൂലി എന്നൊക്കെയാണു ചൊല്ലെങ്കിലും ഒരു വർഷംമുൻപ് നൽകിയ നെല്ലിന്റെ പണംപോലും ലഭിക്കാത്തതോടെ വായ്പതിരിച്ചടവ് മുടങ്ങുകയും കൃഷിയിറക്കാനും മറ്റും പുതിയ വായ്പ ലഭിക്കാതാവുകയും ചെയ്തെന്നു പരാതിയുണ്ട്.
നെല്ലിന്റെ തുക കർഷകരുടെ ബാങ്കുകളിലല്ല, കൈകളിലേക്കാണു നൽകേണ്ടതെന്നും അടിയന്തരമായി ഇവ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കർഷക കോണ്‍ഗ്രസ് ഇന്നുരാവിലെ 11നു കളക്ടറേറ്റിനുമുന്നിൽ ധർണ നടത്തും. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ രവി പോലുവളപ്പിൽ, കെ.എൻ. ഗോവിന്ദൻകുട്ടി, എ.ജി. ജ്യോതിബാബു, ഷാജി ചിറ്റിലപ്പിള്ളി എന്നിവർ പങ്കെടുത്തു.