ആസ്വാദകമനസുകൾ കീഴടക്കാൻ വടക്കുംമുറി കുമ്മാട്ടികൾ
1588539
Tuesday, September 2, 2025 12:58 AM IST
തൃശൂർ: ഗ്രാമവീഥികളെ ആവേശംകൊള്ളിക്കുന്ന കിഴക്കുംപാട്ടുകര വടക്കുംമുറിയുടെ ദേശക്കുമ്മാട്ടികൾ ചതയദിനത്തിൽ ആസ്വാദകമനസുകൾ കീഴടക്കാനിറങ്ങും. പർപ്പടകപ്പുല്ലും കുമിഴിൽ തീർത്ത പൊയ്മുഖവും അണിഞ്ഞ് താളത്തിനൊപ്പം ചുവടുവയ്ക്കാൻ ഇത്തവണയും അറുപതിലേറെ കുമ്മാട്ടികളാണ് ഒരുങ്ങുന്നത്.
പരന്പരാഗതമായി ഏറ്റവും കൂടുതൽ കുമ്മാട്ടികൾ ഇറങ്ങുന്ന, വനിതകൾക്കു പ്രാധാന്യം നൽകുന്ന സംസ്ഥാനത്തെതന്നെ ഏകകുമ്മാട്ടിയെന്ന ഖ്യാതിയുള്ള ഈ ദേശക്കുമ്മാട്ടിയിൽ അഞ്ഞൂറിലേറെ കലാകാരന്മാരും ഭാഗമാകും.
ഏഴിന് ഉച്ചകഴിഞ്ഞു രണ്ടിന് പനമുക്കുംപിള്ളി ധർമശാസ്താക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നാടൻകലാരൂപങ്ങൾ, പ്രച്ഛന്നവേഷങ്ങൾ, ബാൻഡ് സെറ്റ്, ശിങ്കാരിമേളം, തംബോലം തുടങ്ങിയവയുടെ അകന്പടിയോടെയാണ് ഗ്രാമവീഥികൾ പിന്നിടുക.
പർപ്പടകപ്പുല്ല് കിട്ടാനില്ലെന്ന പേരിൽ കൃത്രിമപ്പുല്ലുകൾ ഉപയോഗിക്കില്ലെന്നും വിവിധ ജില്ലകളിൽനിന്നായി അവ ശേഖരിക്കാൻ വിവിധ സംഘങ്ങൾ ശ്രമങ്ങൾ തുടരുകയാണെന്നും സംഘാടകർ പറഞ്ഞു. ഒരുവീട് ഒരുപിടി പുല്ല് എന്ന പേരിൽ എല്ലാ വീടുകളിൽനിന്നുള്ളവരും ഇതിൽ പങ്കാളികളാകുന്നുണ്ട്.