കാരുണ്യത്തിൽനിന്ന് ക്രൗര്യത്തിലേക്ക് ഇന്ത്യ മാറി: ജോൺ ബ്രിട്ടാസ് എംപി
1588328
Monday, September 1, 2025 1:38 AM IST
തൃപ്രയാർ: സ്വാതന്ത്ര്യത്തിന്റെ മുക്കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ ജനാധിപത്യവും അതിജീവനവും മാത്രമല്ല ജീവിതംതന്നെ ഇന്ത്യക്കാർക്ക് നഷ്ടപ്പെട്ടുപോകുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഡോ.കെ.ആർ. ബീനയുടെ ബുദ്ധദർശനത്തിന്റെ സ്വാധീനം ഒരു അന്വേഷണം, വള്ളത്തോൾ മുതൽ വൈലോപ്പിള്ളി വരെ എന്ന പുസ്തകം തൃപ്രയാർ പ്രിയദർശിനിഹാളിൽ പ്രകാശനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണവും വസ്ത്രവും മാത്രമല്ല, നമ്മൾ എന്തു ചിന്തിക്കണം എന്നുപോലും കേന്ദ്ര ഗവൺമെന്റ് തീരുമാനിക്കുന്ന ഗുരുതരമായ സ്ഥിതിയിലേക്ക് രാജ്യമെത്തിയിരിക്കുന്നു. ബുദ്ധദർശനത്തിന്റെ മുഖ്യ മുഖമായ കാരുണ്യം ക്രൂരതയ്ക്കും ഹിംസയ്ക്കും വഴിമാറുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഭയപ്പെടുത്തുന്ന ഒരു സമീപകാല യാഥാർഥ്യമാണ്.
സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ചവരിൽ പലരും മതന്യൂനപക്ഷത്തിൽപെടുന്നവരാണ്. ത്യാഗം സഹിച്ചുപോരാടിയ ആ ഭടന്മാരെ വിസ്മൃതിയുടെ കരിമ്പടം പുതപ്പിക്കുകയാണ് മോദി സർക്കാരെന്നു ബ്രിട്ടാസ് പറഞ്ഞു. പാർലമെന്റിന്റെ ചുമരിൽ ഗാന്ധിയുടെ നേരിൽ, ഗാന്ധിഘാതകൻ സവർക്കറുടെ ചിത്രമാണ് ഇന്നുള്ളത്. ഇതിൽപരം ദയനീയമായ ഒരു കാഴ്ച കാണാനില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
സംസ്കൃത സർവകലാശാല ബുദ്ധിസ്റ്റ് സ്റ്റഡീസ് ഡയറക്ടർ അജയ് എസ്.ശേഖർ പുസ്തകം ഏറ്റുവാങ്ങി. ഡോ.കെ.ആർ. ബീന മറുപടിപ്രസംഗം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ.എൻ.ആർ. ഗ്രാമപ്രകാശ് പുസ്തകപരിചയംനടത്തി.
എൻ.കെ. അക്ബർ എംഎൽഎ, എം.എ. ഹാരിസ്ബാബു, അഡ്വ കെ.ആർ. വിജയ, എം.ആർ. ദിനേശൻ. അഡ്വ. അജിത് മാരാത്ത്, വി.എൻ. രണദേവ്, ടി.പി. ബെന്നി എന്നിവർ സംസാരിച്ചു.