കോട്ടയം: ക്ഷേമപെന്‍ഷനുകള്‍ കൂട്ടിയ ആവേശം പാല്‍വില കൂട്ടുന്നതില്‍ സര്‍ക്കാരിനില്ല. സംസ്ഥാനത്ത് പാലിന് വില കൂട്ടുമെന്നും എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കണമെന്നുമാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ വിലവര്‍ധന എത്രയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുമില്ല.
അവസാനമായി 2022 ഡിസംബറിലാണ് മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചത്. പാലിനു 2019 സെപ്റ്റംബറില്‍ ലിറ്ററിന് നാലു രൂപയും 2022 ഡിസംബറില്‍ ലിറ്ററിന് ആറു രൂപയും മില്‍മ കൂട്ടിയിരുന്നു. നിലവില്‍ മില്‍മ പാല്‍വില (ടോണ്‍ഡ് മില്‍ക്) ലിറ്ററിന് 52 രൂപയാണ്.
പ്രതിദിനം 17 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ കേരളത്തില്‍ വില്‍ക്കുന്നത്. ഇതേസമയം കാലിത്തീറ്റ, മരുന്ന് എന്നിവയുടെ വിലയിലുണ്ടായ വര്‍ധന സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. കാലിത്തീറ്റയ്ക്ക് 1300 രൂപയ്ക്കു മുകളിലാണ് നിരക്ക്.
ലിറ്ററിന് ഒന്നോ രണ്ടോ രൂപ വര്‍ധിപ്പിക്കുന്നതുകൊണ്ട് ക്ഷീരകര്‍ഷകര്‍ക്ക് കാര്യമായ നേട്ടമൊന്നുമില്ല. കാലിവളര്‍ത്തല്‍ നഷ്ടമായതോടെ ജില്ലയില്‍ പാല് ഉത്പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്.
Tags : local nattuvishesham milk price